നാലാം നാള്‍ ആശ്വാസ വാര്‍ത്തയെത്തി, ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

റിപ്പോർട്ട് :ബൈഷികുമാർ

Apr 5, 2026 - 20:28
നാലാം നാള്‍ ആശ്വാസ വാര്‍ത്തയെത്തി, ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

കൂര്‍ഗ്: കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്ന് ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ നാലാം നാള്‍ ആണ് കണ്ടെത്തിയത്. വനമേഖലയില്‍ നിന്ന് സുരക്ഷിതയായിട്ടാണ് യുവതിയെ കണ്ടെത്തിയിരിക്കുന്നത്. ട്രക്കിംഗിനിടെ കൂട്ടംതെറ്റിയാണ് ശരണ്യയെ വനത്തിനുള്ളില്‍ കാണാതായത്.

വനംവകുപ്പും പൊലീസും ചേര്‍ന്ന് ആറ് സംഘങ്ങളായി തിരിഞ്ഞാണ് വനമേഖലയില്‍ പരിശോധന നടത്തിയത്. ശരണ്യ ഒരു നായയ്ക്കൊപ്പം കളിച്ചുകൊണ്ടിരുന്നു എന്ന് കൂടെയുണ്ടായിരുന്നവരുടെ മൊഴിയെ ശരിവയ്ക്കുന്ന ഫോട്ടോ പുറത്ത് വന്നത് തെരച്ചിലില്‍ നിര്‍ണായകമായിരുന്നു. ട്രക്കിംഗ് പാതയില്‍ വച്ചാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ശരണ്യയെ കണ്ടെത്താന്‍ ദ്രുതഗതിയിലുള്ള നീക്കം വേണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

വനമേഖലയില്‍ സ്‌നിഫര്‍ ഡോഗുകളെയും ഡ്രോണുകളെയും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. എന്നാല്‍ പ്രദേശത്ത് അനുഭവപ്പെടുന്ന കനത്ത മഞ്ഞ് വീഴ്ച രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. കാട്ടാന ശല്യമുള്ള മേഖലയായതിനാല്‍ അതീവ ജാഗ്രതയോടെയാണ് തിരച്ചില്‍ സംഘം മുന്നോട്ട് നീങ്ങിയത്. ഏപ്രില്‍ രണ്ടിനാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ താമസിച്ച ശേഷം രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് തടിയന്‍ഡമോള്‍ ട്രക്കിംഗ് തുടങ്ങിയത്.

കാട്ടാന ശല്യമുള്ളതിനാല്‍ മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേര്‍ന്ന് പോകാന്‍ ശരണ്യയോട് നിര്‍ദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച ശരണ്യ ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന. വൈകിട്ട് നാലിന് സംഘം ചെക്ക്പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ശരണ്യ കൂടെയുണ്ടായിരുന്നില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0