സഞ്ജുവിന് സിഎസ്കെ കോച്ചിന്റെ പിന്തുണ; 'രണ്ട് ഇന്നിംഗ്സുകൾ കൊണ്ട് താരത്തെ വിലയിരുത്തരുത്

റിപ്പോർട്ട് :ബൈഷികുമാർ

Apr 4, 2026 - 11:37
സഞ്ജുവിന് സിഎസ്കെ കോച്ചിന്റെ പിന്തുണ; 'രണ്ട് ഇന്നിംഗ്സുകൾ കൊണ്ട് താരത്തെ വിലയിരുത്തരുത്

ചെന്നൈ:ഐപിഎൽ 2026 സീസണിലെ ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഓപ്പണർ സഞ്ജു സാംസണ് പൂർണ്ണ പിന്തുണയുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസിൽ നിന്ന് ഈ സീസണിൽ ചെന്നൈ പാളയത്തിലെത്തിയ സഞ്ജുവിന് ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനായിരുന്നില്ല. ഇതേത്തുടർന്ന് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ഫ്ലെമിംഗ് രംഗത്തെത്തിയത്.

2026 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആകുകയും ചെയ്ത മികച്ച ഫോമിലാണ് സഞ്ജു സിഎസ്‌കെയിലെത്തിയത്. എന്നാൽ തന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ 6 റൺസിനും, വെള്ളിയാഴ്ച ചെപ്പോക്കിൽ പഞ്ചാബ് കിംഗ്‌സിനെതിരായ ഹോം അരങ്ങേറ്റത്തിൽ 7 റൺസിനും താരം പുറത്തായി. എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്യുക എന്നത് പ്രായോഗികമല്ലെന്നും സഞ്ജു മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും ഫ്ലെമിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സഞ്ജുവിനുള്ള മോശം റെക്കോർഡും നിലവിൽ ചർച്ചയാകുന്നുണ്ട്. കണക്കുകൾ പ്രകാരം ഈ മൈതാനത്ത് കളിച്ച ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 11 ശരാശരിയിൽ 66 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും കുറഞ്ഞ ശരാശരി രേഖപ്പെടുത്തിയ മൈതാനവും ചെപ്പോക്കാണ്. വരാനിരിക്കുന്ന ആറ് ഹോം മത്സരങ്ങളിൽ സഞ്ജു ഈ റെക്കോർഡ് തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ സംബന്ധിച്ച് ഈ സീസണിലെ തുടക്കം അത്ര ശുഭകരമല്ല. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന സിഎസ്‌കെ, ഈ വർഷം കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ചെന്നൈ നേരിടുന്നത്. ഈ മത്സരത്തിൽ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുന്നത് സിഎസ്‌കെയുടെ വിജയസാധ്യതകൾക്ക് നിർണ്ണായകമാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0