പ്രതിസന്ധികൾക്കിടയിലും സുഗമമായി പ്രവർത്തിച്ച് യുഎഇ എമിഗ്രേഷൻ സേവനങ്ങൾ
റിപ്പോർട്ട് :ബൈഷി കുമാർ
മിഡിൽ ഈസ്റ്റിൽ സംജാതമായിരിക്കുന്ന നിലവിലെ പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിലെ ഇമിഗ്രേഷൻ സേവനങ്ങളും യാത്രാ സൗകര്യങ്ങളും തടസ്സമില്ലാതെ തുടരുന്നതായി അധികൃതർ. രാജ്യത്തെ വിമാനത്താവളങ്ങൾ, കര അതിർത്തികൾ, കടൽ പ്രവേശന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ മുഴുവൻ സമയവും സേവനത്തിലുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.
പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.സാധാരണ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ കാര്യമായ തടസ്സങ്ങളില്ലാതെ തുടരുന്നതായും ലഫ്റ്റനന്റ് ജനറൽ പറഞ്ഞു.പ്രത്യേക സാഹചര്യങ്ങളിൽ രാജ്യത്തിന് പുറത്തുകിടന്നിരുന്ന താമസക്കാർക്ക്, താമസാനുമതി കാലഹരണപ്പെട്ടിരുന്നാലും തിരിച്ചുവരാൻ സൗകര്യം ഒരുക്കിയതും ശ്രദ്ധേയമാണ്. കൂടാതെ, നിയമലംഘനം നടത്തിയ ചിലർക്ക് രാജ്യം വിടാൻ പ്രത്യേക ഇളവുകളും അനുവദിച്ചു.ഇതിനിടയിൽ ഒമാൻ വഴി രാജ്യം വിടാൻ ആഗ്രഹിച്ച ചിലർക്കായി യു.എ.ഇ അതിർത്തികളിൽ നിന്ന് ഒമാൻ അതിർത്തിവരെ ഗതാഗത സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
രാജ്യത്ത് പൗരന്മാരോ താമസക്കാരോ സന്ദർശകരോ എന്ന വ്യത്യാസമില്ലാതെ “മനുഷ്യരെ ആദ്യം” എന്ന നിലപാട് തുടരുന്നതായി അധികൃതർ ആവർത്തിച്ചു. പ്രതിസന്ധി മാറുന്നതുവരെ അതേ നിലവാരത്തിലുള്ള സേവനവും ഇളവുകളും തുടരുമെന്നും അധികൃതർ ഉറപ്പുനൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0