മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് പ്രധാനമന്ത്രി

റിപ്പോർട്ട് :ബൈഷി കുമാർ

Mar 24, 2026 - 20:37
മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് പ്രധാനമന്ത്രി

ദില്ലി: മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോർമൂസ് കടലിടുക്ക് തുറക്കേണ്ടതിനെ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് കുറിച്ച മോദി, അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചു. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് നരേന്ദ്രമോദിയുടെ പ്രതികരണം.പശ്ചിമേഷ്യന്‍ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ നടക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണം. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിലൂടെ അറിയിച്ചു. 'അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുക്കേണ്ടതിന്റെ പ്രാധാന്യം ഉൾപ്പെടെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു"- സെ‍ർജിയോ ഗോർ പോസ്റ്റില്‍ കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0